തിരുവനന്തപുരം: പത്രജീവനക്കാരുടെയും പത്രപ്രവര്‍ത്തകരുടെയും ശമ്പളവര്‍ധന ശുപാര്‍ശ ചെയ്ത ജസ്റ്റീസ് മജീതിയ വേജ്ബോര്‍ഡ് റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ വിവിധ മന്ത്രാലയങ്ങളുടെ അഭിപ്രായത്തോടെ പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചിട്ടും മന്ത്രിസഭ അംഗീകരിച്ച് വിജ്ഞാപനം പുറപ്പെടുവിക്കാത്തതില്‍ പ്രതിഷേധിച്ച് കേരള ന്യൂസ്പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന്‍ അനിശ്ചിതകാല സമരത്തിലേക്ക്.ജൂണ്‍ 16ലെ കാബിനറ്റില്‍ അവതരിപ്പിക്കാനും വേജ് ബോര്‍ഡ് ശുപാര്‍ശകള്‍ അംഗീകരിക്കാനും പാസ്സാക്കാനും കേന്ദ്രസര്‍ക്കാര്‍ തയാറാകാത്ത സാഹചര്യത്തില്‍ ഇന്ന് വെള്ളിയാഴ്ച ആയിരക്കണക്കിന് ഫെഡറേഷന്‍ പ്രവര്‍ത്തകര്‍ പ്രധാനമന്ത്രിക്ക് പ്രതിഷേധ ഫാക്സ് സന്ദേശം അയയ്ക്കും. തുടര്‍ന്ന് അനിശ്ചിതകാല സമരപരിപാടികള്‍ക്ക് രൂപം നല്‍കുമെന്ന് ഫെഡറേഷന്‍ പ്രസിഡന്റ് കെ.എന്‍. ലതാനാഥനും ജനറല്‍ സെക്രട്ടറി വി. ബാലഗോപാലും അറിയിച്ചു.
കഴിഞ്ഞ ഡിസംബര്‍ 31ന് വേജ്ബോര്‍ഡ് റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചതാണ്. ആറുമാസമായിട്ടും തുടര്‍ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ താല്‍പര്യം കാണിക്കുന്നില്ല. ഒരു ദശാബ്ദത്തിന് മുമ്പ് തീരുമാനിക്കപ്പെട്ട ശമ്പളമാണ് പത്രമാധ്യമരംഗത്തെ തൊഴിലാളികള്‍ക്ക് ഇന്നും ലഭിക്കുന്നത്. അസംഘടിത മേഖലയിലടക്കം ഈ കാലയളവിനുള്ളില്‍ പലതവണ വേതനവര്‍ധന ഉണ്ടായിട്ടുണ്ട്. പത്രജീവനക്കാരുടെ കാര്യത്തില്‍ സര്‍ക്കാര്‍ കാണിക്കുന്ന ഈ നിസ്സംഗത അവസാനിപ്പിക്കണം -ഫെഡറേഷന്‍ ആവശ്യപ്പെട്ടു.
0 comments:
Post a Comment