Monday, August 2, 2010
പതിറ്റാണ്ടുകളായി മലയാളപത്രലോകത്ത് മാറ്റത്തിന്റെ ഗതിവേഗം നിയന്ത്രിച്ച മാധ്യമകുലപതിയായ കെ.എം. മാത്യുവിന്റെ വിയോഗം അക്ഷരകേരളത്തിന് കനത്ത നഷ്ടം തന്നെയാണ്. ആഗോള മാധ്യമമണ്ഡലത്തില്‍ മലയാളത്തിന് സവിശേഷസ്ഥാനം നേടിയെടുത്ത അദ്ദേഹത്തോട് സാക്ഷരകേരളം എന്നും കടപ്പെട്ടിരിക്കും. മലയാളഭാഷയെയും സംസ്‌കാരത്തെയും വിശ്വത്തോളം ഉയര്‍ത്തിയ യുഗപ്രഭാവനെയാണ് കെ.എം. മാത്യുവിന്റെ ദേഹവിയോഗത്തിലൂടെ കൈരളിക്ക് നഷ്ടമായിരിക്കുന്നത്. 1973ല്‍ 'മലയാള മനോരമ' ദിനപത്രത്തിന്റെ ചീഫ് എഡിറ്ററായി സ്ഥാനമേറ്റ കെ.എം. മാത്യു, ഭാഷയുടെയും ദേശത്തിന്റെയും അതിര്‍ത്തികള്‍ കടന്ന മഹാപ്രസ്ഥാനമായി തന്റെ സ്ഥാപനത്തെ വളര്‍ത്തി.ആയിരക്കണക്കിനു ആളുകള്‍ക്ക് ജോലിനല്കി കണ്ടത്തില്‍ വറുഗീസ് മാപ്പിള, മാമ്മന്‍മാപ്പിള തുടങ്ങിയ മഹാരഥന്മാരുടെ കാലടിപ്പാടുകള്‍ പിന്തുടര്‍ന്ന് ആശയപ്രമാണങ്ങളിലും വിചാരധാരകളിലും പാരമ്പര്യം കാത്തുസൂക്ഷിച്ചുതന്നെ, പുതിയ കാലത്തോടും ലോകത്തോടും ക്രിയാത്മകമായി പ്രതിവര്‍ത്തിക്കുന്നതില്‍ പല കാതം മുന്നില്‍ നില്‍ക്കാന്‍ സാധിച്ചത് അദ്ദേഹത്തിന്റെ വിസ്മയാവഹമായ വ്യക്തിവൈഭവം വിളിച്ചോതുന്നു. 1954ല്‍ മാനേജിങ് എഡിറ്ററായി തുടങ്ങി, ഇന്ത്യക്ക് അകത്തും പുറത്തുമുള്ള 17 എഡിഷനുകളുള്ള ദിനപത്രമായും വിവിധ ഭാഷകളിലായി 43 പ്രസിദ്ധീകരണങ്ങളടങ്ങുന്ന ബൃഹദ്‌സംരംഭമായും 'മലയാള മനോരമ'യെ മാറ്റിയെടുത്താണ് തൊണ്ണൂറ്റിമൂന്നാം വയസ്സില്‍ ആ കര്‍മയോഗി ദിവംഗതനാവുന്നത്.
ആ വിയോഗം സൃഷ്ടിച്ച അടങ്ങാത്ത ദുഃഖത്തില്‍ അദ്ദേഹത്തിന്റെ സന്തപ്തകുടുംബങ്ങളുടെ, ബന്ധുജനങ്ങളുടെ, സുഹൃത്തുക്കളുടെ കൂടെ KNEF കുടുംബവും ഉപചാരപൂര്‍വം പങ്കുചേരുന്നു.
0 comments:
Post a Comment