The Kerala News Paper Employees Federation is the sole conglomeration of non journalist news paper Employees‘ organisations in Kerala affiliated to the All India News Paper Employees Federation. It is only representative body of the Non Journalist news paper Employees in Kerala
കേരള ന്യൂസ് പേപ്പര്‍ എംപ്ലോയീസ് ഫെഡ്റേഷന്‍
തിരുവനന്തപുരം: മാധ്യമ മേഖലയിലെ ശമ്പള പരിഷ്‌കരണത്തിനുള്ള ജസ്റ്റിസ് മജീദിയ വേജ് ബോര്‍ഡ് റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പത്രപ്രവര്‍ത്തകരും പത്രജീവനക്കാരും സംസ്ഥാന വ്യാപകമായി ഉപവാസ സമരം നടത്തി. തിരുവനന്തപുരത്ത് ഉപവാസ സമരം പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു. ശമ്പള പരിഷ്‌കരണം സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ആവശ്യം ന്യായമാണെന്ന് അദ്ദേഹം പറഞ്ഞു.
വിവിധ ജില്ലാ ആസ്ഥാനങ്ങളിലും ഉപവാസ സമരം നടന്നു. കോഴിക്കോട് മാനാഞ്ചിറയ്ക്ക് സമീപമുള്ള കേന്ദ്ര ആദായനികുതി ഓഫീസിന് മുന്നില്‍ ഉപവാസ സമരം മുന്‍ എം.പി. തമ്പാന്‍ തോമസ് ഉദ്ഘാടനം ചെയ്തു. കൊല്ലത്ത് മുന്‍മന്ത്രി എന്‍.കെ.പ്രേമചന്ദ്രന്‍ ഉപവാസം ഉദ്ഘാടനം ചെയ്തു. വൈകുന്നേരം നാലുവരെയാണ് പ്രതപ്രവര്‍ത്തകരും പത്ര ജീവനക്കാരും ഉപവാസമിരുന്നത്
കൊച്ചിയില്‍ നടന്ന ഉപവാസ സമരം മുന്‍ എം.പി സെബാസ്റ്റ്യന്‍ പോള്‍ ഉദ്ഘാടനം ചെയ്തു. വേജ് ബോര്‍ഡ് നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മുന്‍മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, എം.പിമാരായ പി.രാജീവ്, പി.ടി.തോമസ്, മാധ്യമ പ്രവര്‍ത്തകന്‍ കെ.എം.റോയ് എന്നിവര്‍ സംസാരിച്ചു.
തൃശ്ശൂരില്‍ നടന്ന ഉപവാസ സമരം സുകുമാര്‍ അഴീക്കോട് ഉദ്ഘാടനം ചെയ്തു. പത്രപ്രവര്‍ത്തകരുടെയും പത്ര ജീവനക്കാരുടെയും ശമ്പള പരിഷ്‌കരണം 12 വര്‍ഷമായി നടപ്പാക്കാത്തത് ദൗര്‍ഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാരുടെയും പൊതു-സ്വകാര്യ മേഖലകളില്‍ ജോലി ചെയ്യുന്നവരുടെയും ശമ്പള പരിഷ്‌കരണം അഞ്ചുവര്‍ഷം കൂടുമ്പോള്‍ നടപ്പാക്കാറുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പത്രവ്യവസായം വളര്‍ച്ചയുടെ വിഹായസ്സില്‍ തന്നെയാണ്. മറിച്ചുള്ള പ്രചാരണം സത്യത്തിനു നിരക്കുന്നതല്ല. പത്രങ്ങളെ കൊല്ലാനല്ല; തൊഴിലാളികള്‍ എന്ന നിലയ്ക്ക് വാര്‍ത്താമാധ്യമങ്ങളിലെ ജീവനക്കാര്‍ക്കും ജീവിക്കാനുള്ള മതിയായ വേതനം ലഭിക്കാനാണ് വേജ്ബോര്‍ഡ് ശുപാര്‍ശ ചെയ്യുന്നത്. പന്ത്രണ്ടു വര്‍ഷത്തിനു ശേഷം മാധ്യമമേഖലയില്‍ വരുന്ന ഈ ശമ്പള പരിഷ്കരണം അട്ടിമറിക്കാന്‍ ശ്രമിക്കാതെ സ്വാഗതം ചെയ്യാന്‍ ഐ.എന്‍.എസ് തയാറാകണം. വി.ബാലഗോപാല്‍ ജനറല്‍ സെക്രട്ടറി, കേരള ന്യൂസ്പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന്‍
പത്രപ്രവര്‍ത്തകര്‍ക്കും പത്രജീവനക്കാര്‍ക്കും ശമ്പള നിര്‍ണയം നടത്തുന്ന വേജ് ബോര്‍ഡ് സംവിധാനം കഴിഞ്ഞ അര നൂറ്റാണ്ടിലേറെയായി നിലനില്‍ക്കുന്നു. പക്ഷേ, അമ്പത്തഞ്ചു വര്‍ഷം കൊണ്ട് ആകെ അഞ്ച് വേജ് ബോര്‍ഡ് ശുപാര്‍ശകള്‍ മാത്രമാണ് നടപ്പിലാക്കപ്പെട്ടത്. അഞ്ച് വര്‍ഷത്തിലൊരിക്കല്‍ ശമ്പള പരിഷ്ക്കരണം നടക്കേണ്ടതാണ്
എന്ന വ്യവസ്ഥ നിലനില്‍ക്കേ മാധ്യമരംഗത്തെ ജീവനക്കാരോട് കാണിച്ചത് എന്തുമാത്രം അനീതിയാണ് എന്ന് മേല്‍ സൂചിപ്പിച്ച കാലയളവിന്റെ ദൈര്‍ഘ്യം കാണുമ്പോള്‍ മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നാല്‍, അത്തരത്തില്‍ ന്യായം പൂര്‍ണമായ രീതിയില്‍ നടന്നിട്ടില്ലെങ്കിലും ഈ സംവിധാനം ജീവനക്കാര്‍ക്ക് ഒരു ആശ്വാസം തന്നെയാണ്. ഇതര വ്യവസായ മേഖലകളില്‍ നടമാടുന്ന നീതിനിഷേധം മാധ്യമരംഗത്തേക്ക് അത്രയധികം കടന്നുവരാത്തത് ഈ സംവിധാനത്തിന്റെ പിന്‍ബലത്തിലാണ്. അതുകൊണ്ടുതന്നെ വേജ് ബോര്‍ഡ് സംവിധാനം അട്ടിമറിക്കുന്നതിന് കാലാകാലങ്ങളില്‍ ശക്തമായ ശ്രമം നടക്കാറുണ്ട്. ഇപ്പോള്‍ ഒരുപടി മുന്നോട്ടു കടന്നുകൊണ്ട്, ഈ സംവിധാനം അട്ടിമറിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വിഘടന തന്ത്രം പ്രയോഗിച്ച് ജീവനക്കാരെ തമ്മിലടിപ്പിക്കുന്നതിനുള്ള ഗൂഢശ്രമമാണ് പത്ര ഉടമകളുടെ സംഘടനയായ ഐ.എന്‍.എസ് നടത്തുന്നത്. ഈ തന്ത്രത്തെ മാധ്യമമേഖലയിലെ ജീവനക്കാര്‍ ഒന്നടങ്കം നേരിടും എന്നതില്‍ സംശയമില്ല.
കേന്ദ്രസര്‍ക്കാരിന് മുന്നിലുള്ള ജസ്റിസ് മജീതിയ റിപ്പോര്‍ട്ട് നടപ്പിലാക്കിയാല്‍ മിക്കവാറും പത്രസ്ഥാപനങ്ങള്‍ പൂട്ടിപ്പോകും എന്ന അടിസ്ഥാനരഹിതമായ ആക്ഷേപമാണ് ഐ.എന്‍.എസ് മുഖ്യമായും ഉന്നയിക്കുന്നത്. ഒരു കാര്യം സ്ഥാപിക്കുന്നതിനാവശ്യമായ പ്രാഥമികമായ രേഖകള്‍ പോലും ഹാജരാക്കാതെയാണ് ഈ വാദം ഉന്നയിക്കുന്നത്. പത്ര ഉടമകള്‍കൂടി അംഗങ്ങളായ വേജ് ബോര്‍ഡ് കമ്മിറ്റിയില്‍ ഈ വാദഗതികള്‍ ഐ.എന്‍.എസിന്റെ പ്രതിനിധികള്‍ കൊണ്ടുവന്നിരുന്നുവെങ്കിലും ജീവനക്കാരുടെ സംഘടനകള്‍ കൃത്യമായ കണക്കുകള്‍ സഹിതം ഇതിനെ ഖണ്ഡിക്കുകയായിരുന്നു. ഇന്ത്യയില്‍ ഒരു പത്രസ്ഥാപനവും ജീവനക്കാര്‍ക്കുള്ള ശമ്പളപരിഷ്കരണം നടപ്പിലാക്കിയതിനാല്‍ പൂട്ടിപോയതായി കേട്ടുകേള്‍വി പോലുമില്ല. വരുമാനം അടിസ്ഥാനമാക്കിയാണ് വേജ്ബോര്‍ഡ് പ്രകാരമുള്ള ശമ്പള നിര്‍ണയം നടത്തുന്നത്. പിന്നെങ്ങനെയാണ് സ്ഥാപനം തകര്‍ന്നുപോവുക? മറിച്ച് ഇന്ന് പത്ര ഉടമ സംഘടന വിലപിക്കുന്നതു പോലെയുള്ള സ്ഥിതിവിശേഷമായിരുന്നുവെങ്കില്‍ ഇക്കഴിഞ്ഞ വേജ് ബോര്‍ഡ് ശുപാര്‍ശകള്‍ നടപ്പിലാക്കിയതിന്റെ പേരില്‍ പല സ്ഥാപനങ്ങളും പൂട്ടേണ്ടിവരുമായിരുന്നില്ലേ?
എന്താണ് യഥാര്‍ഥ സ്ഥിതി എന്നത് പരിശോധിക്കേണ്ട വിഷയമാണ്. മാധ്യമ മേഖല എന്നത് സമൂഹത്തോട് പ്രതിബദ്ധതയുള്ള ഒരു സേവന മാര്‍ഗമാണെന്നു കരുതിയിരുന്ന പഴയ ആശയത്തിന് വളരെയേറെ മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നു. ആ പഴയ ആശയം നിലനില്‍ക്കുന്നുവെങ്കിലും വാണിജ്യപരമായ താല്‍പ്പര്യത്തിനാണ് മുന്‍തൂക്കം വന്നിരിക്കുന്നത്. സമ്പത്തു കൊയ്യുന്നതിനുള്ള മാര്‍ഗമായി തന്നെയാണ് മാധ്യമങ്ങളെ ഉടമകള്‍ കാണുന്നത്. പത്രം ഒരു വ്യവസായം തന്നെയാണെന്നു വന്നപ്പോള്‍ പരമാവധി ലാഭമുണ്ടാക്കുക എന്ന ചിന്തയും കടന്നുവന്നു. അത്തരത്തില്‍ ലാഭം വര്‍ധിപ്പിക്കുന്നതിന് എന്തു തന്ത്രവും പ്രയോഗിക്കാമെന്ന ഒരു സാധാരണ വ്യവസായിയുടെ ചിന്തയില്‍ ഉരുത്തിരിഞ്ഞ ആശയമാണ് ജീവനക്കാരുടെ ശമ്പളം കുറയ്ക്കുന്നതിന് വഴികള്‍ തേടുക എന്നത്. ഒരു പത്രസ്ഥാപനമായതുകൊണ്ടു മാത്രം ധാര്‍മികതയുടെ പേരില്‍ ചെയ്യില്ല എന്നു ചിന്തിക്കുന്ന പല കാര്യങ്ങളും നിര്‍ബാധം നടക്കുന്ന സ്ഥിതി ഇന്നുണ്ട്. ഔട്ട്സോഴ്സിംഗ് വ്യാപകമാകുന്നു. കൂടാതെ കോണ്‍ട്രാക്റ്റ് ജീവനക്കാരനെ ഒരു അനുപാതക്രമവും കൂടാതെ നിയമിക്കുന്നു. വേജ് ബോര്‍ഡിന്റെ പരിധിയില്‍ ഉള്‍പ്പെടാതിരിക്കുന്നതിന് സഹോദരസ്ഥാപനങ്ങളുടെ പേരില്‍ ജീവനക്കാരെ നിയമിച്ച് പണിയെടുപ്പിക്കുക തുടങ്ങി പലതും ഐ.എന്‍.എസ് കണ്ടില്ലെന്നു നടിക്കുന്നു.
മാനേജ്മെന്റിന്റെ പിടിപ്പുകേടുകൊണ്ടല്ലാതെ ഒരു പത്രസ്ഥാപനവും ഇന്ത്യയില്‍ അടച്ചുപൂട്ടേണ്ടി വന്നിട്ടില്ല. മാത്രമല്ല എല്ലാ പത്രസ്ഥാപനങ്ങളും ഇന്ന് വളരെ പുരോഗതിയിലുമാണ്. വ്യവസായ വളര്‍ച്ചയുടെ ഗ്രാഫ് പരിശോധിച്ചാല്‍ പത്രവ്യവസായത്തിന്റെ സ്ഥാനം വളരെ മുന്നിലാണ്. മിക്കവാറും പത്രങ്ങളൊക്കെതന്നെ വര്‍ഷംതോറുമെന്നോണം സംസ്ഥാനത്തിനകത്തും പുറത്തും പുതിയ എഡിഷനുകള്‍ ആരംഭിക്കുന്നത് നാം കാണുന്നുണ്ട്. മിക്കവാറും പത്രമാധ്യമങ്ങള്‍ക്കും കോടിക്കണക്കിന് രൂപയുടെ മുതല്‍ മുടക്ക് ആവശ്യമുള്ള ദൃശ്യമാധ്യമ രംഗത്തേക്കും വിവരസാങ്കേതിക വിദ്യയുടെ ഇതര മേഖലകളിലേക്കും പത്രസ്ഥാപനങ്ങള്‍ കടന്നിരിക്കുന്നതും നമുക്കറിയാം. ഇതിനൊക്കെയുള്ള സാമ്പത്തിക ഉറവിടം ഈ സ്ഥാപനത്തില്‍നിന്നല്ലാതെ മറ്റെവിടെനിന്നുമല്ല എന്നുമോര്‍ക്കണം. ഇതൊക്കെ മറച്ചുപിടിച്ചുകൊണ്ടാണ് സാമ്പത്തിക പരാധീനതയെകുറിച്ച് കണ്ണീരൊഴുക്കുന്നത്. അതോടൊപ്പം, പത്രങ്ങള്‍ 'പൊന്മുട്ടയിടുന്ന താറാവുകളാണെന്ന് അവര്‍ അറിയാതെ പറഞ്ഞുപോവുകയും ചെയ്യുന്നു!
ഇന്ത്യന്‍ പാര്‍ലമെന്റില്‍ പാസ്സാക്കിയ ആക്ടിന്റെ അടിസ്ഥാനത്തില്‍ രൂപീകൃതമാകുന്ന വേജ്ബോര്‍ഡിന്റെ ഘടനയെയും പ്രവര്‍ത്തനത്തെയും കുറിച്ചുള്ള പല പരാമര്‍ശങ്ങളും ഐ.എന്‍.എസ് ഒഴിവാക്കേണ്ടതായിരുന്നു. മാനേജ്മെന്റ് പ്രതിനിധികള്‍ കൂടി ഉള്‍പ്പെടുന്ന ഒരു സംവിധാനത്തെ കുറ്റപ്പെടുത്തുമ്പോള്‍ അത് സ്വന്തം പരാജയത്തിന് തുല്യമാണ് എന്നും ഓര്‍ക്കണമായിരുന്നു. ജീവനക്കാരുടെ ശമ്പള നിര്‍ണയം നടത്തുന്ന സര്‍ക്കാരിനെതിരെ വാര്‍ത്തയെഴുതാന്‍ ഒരു ജേര്‍ണലിസ്റിനു കഴിയുമോ എന്ന ചോദ്യം ബാലിശവും സ്വന്തം സ്ഥാപനം നിര്‍വഹിക്കുന്ന ഉദാത്തമായ കര്‍മത്തെ ചോദ്യം ചെയ്യുന്നതുമാണ്. അതുപോലെ, നോണ്‍ ജേര്‍ണലിസ്റ്റ് വിഭാഗം ജീവനക്കാരുടെ രണ്ട് തസ്തികകള്‍ ചൂണ്ടിക്കാണിച്ച് ഇവര്‍ക്ക് ലഭിക്കുന്ന ശമ്പളം 45,000ള്‍50,000 രൂപയുമാണെന്നു പറയുന്നത് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാനുള്ള പാഴ്ശ്രമമാണ്.
തൊഴിലാളികള്‍ കൂടി ചേര്‍ന്നതാണ് പത്രവ്യവസായം എന്ന സത്യം അംഗീകരിച്ച് തൊഴിലുടമകളും സര്‍ക്കാര്‍ പ്രതിനിധികളും ഉള്‍പ്പെടുന്ന വേതനപരിഷ്ക്കരണ ശുപാര്‍ശ കുതന്ത്രങ്ങളിലൂടെ അട്ടിമറിക്കാനുള്ള ശ്രമത്തില്‍നിന്ന് പത്ര ഉടമ സംഘടനയും ഇക്കാര്യത്തില്‍ അനുകൂലമായ നിലപാട് സ്വീകരിച്ചിട്ടുള്ള പത്രഉടമകളും പിന്‍മാറണമെന്നാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്. പത്രങ്ങളെ കൊല്ലാനല്ല; തൊഴിലാളികള്‍ എന്ന നിലയ്ക്ക് വാര്‍ത്താമാധ്യമങ്ങളിലെ ജീവനക്കാര്‍ക്കും ജീവിക്കാനുള്ള മതിയായ വേതനം ലഭിക്കാനാണ് വേജ്ബോര്‍ഡ് ശുപാര്‍ശ ചെയ്യുന്നത്. പന്ത്രണ്ടു വര്‍ഷത്തിനു ശേഷമുള്ള ഈ ശമ്പള പരിഷ്കരണം അട്ടിമറിക്കാന്‍ ശ്രമിക്കാതെ സ്വാഗതം ചെയ്യാന്‍ തയാറാകണം. പത്രവ്യവസായ മേഖലയില്‍ നിലനില്‍ക്കുന്ന ഊഷ്മളമായ തൊഴിലാളിള്‍മുതലാളി ബന്ധവും സമാധാനാന്തരീക്ഷവും നിലനില്‍ക്കുന്നതിന് ഇത് അനിവാര്യമാണു താനും.
കണ്ണൂര്‍: മാധ്യമമേഖലയിലെ തൊഴിലാളികളുടെ ശമ്പള പരിഷ്കരണത്തിനായി നിയോഗിച്ച ജസ്റ്റിസ് മജീതിയ വേജ്ബോര്‍ഡിന്റെ ശുപാര്‍ശകള്‍ ഉടന്‍ നടപ്പാക്കിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്ന് കേരള ന്യൂസ്പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി വി. ബാലഗോപാല്‍ പറഞ്ഞു. കെ.എന്‍.ഇ.എഫ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രസ് ക്ലബില്‍ സംഘടിപ്പിച്ച ഏകദിന പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ഡിസംബര്‍ 31നാണ് വേജ്ബോര്‍ഡ് റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചത്. പത്തു വര്‍ഷം മുമ്പ് തീരുമാനിക്കപ്പെട്ട ശമ്പളമാണ് പത്രമാധ്യമരംഗത്തെ തൊഴിലാളികള്‍ക്ക് ഇന്നും ലഭിക്കുന്നത്. അസംഘടിത മേഖലയിലടക്കം ഈ കാലയളവിനുള്ളില്‍ പലതവണ വേതനവര്‍ധന ഉണ്ടായിട്ടുണ്ട്. പത്രജീവനക്കാരുടെ കാര്യത്തില്‍ സര്‍ക്കാര്‍ കാണിക്കുന്ന ഈ നിസ്സംഗത അവസാനിപ്പിച്ച് വേജ്ബോര്‍ഡ് കാബിനറ്റില്‍ ചര്‍ച്ചക്കെടുക്കാന്‍ തയാറാകണം ^അദ്ദേഹം ആവശ്യപ്പെട്ടു.
ഇ.എസ്.ഐ മാനേജര്‍ നന്ദകുമാര്‍ (ഇ.എസ്.ഐ പദ്ധതിയും ആനുകൂല്യങ്ങളും), റിട്ട. ഡെപ്യൂട്ടി ലേബര്‍ കമീഷണര്‍ പി.സി. വിജയരാജന്‍ (തൊഴിലവകാശങ്ങളും ആനുകൂല്യങ്ങളും), കെ.യു.ഡബ്ല്യു.ജെ മുന്‍ സംസ്ഥാന പ്രസിഡന്റ് പി.പി. ശശീന്ദ്രന്‍ (മാധ്യമരംഗത്തെ ട്രേഡ് യൂനിയന്‍ പ്രവര്‍ത്തനം) എന്നിവര്‍ ക്ലാസെടുത്തു.
പ്രസ്ക്ലബ് സെക്രട്ടറി ഒ.സി. മോഹന്‍രാജ്, കെ.എന്‍.ഇ.എഫ് സംസ്ഥാന സെക്രട്ടറി സി. മോഹനന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് പി. ശൈലേഷ്കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി. അജീന്ദ്രന്‍ സ്വാഗതവും ട്രഷറര്‍ കെ.കെ. സുമോദ് നന്ദിയും പറഞ്ഞു.
കാപ്...
കേരള ന്യൂസ്പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന്‍ (കെ.എന്‍.ഇ.എഫ്) കണ്ണൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പഠന ക്യാമ്പ് പ്രസ്ക്ലബ് ഹാളില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി വി. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യുന്നു
തിരുവനന്തപുരം: പത്രജീവനക്കാരുടെയും പത്രപ്രവര്‍ത്തകരുടെയും ശമ്പളവര്‍ധന ശുപാര്‍ശ ചെയ്ത ജസ്റ്റീസ് മജീതിയ വേജ്ബോര്‍ഡ് റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ വിവിധ മന്ത്രാലയങ്ങളുടെ അഭിപ്രായത്തോടെ പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചിട്ടും മന്ത്രിസഭ അംഗീകരിച്ച് വിജ്ഞാപനം പുറപ്പെടുവിക്കാത്തതില്‍ പ്രതിഷേധിച്ച് കേരള ന്യൂസ്പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന്‍ അനിശ്ചിതകാല സമരത്തിലേക്ക്.ജൂണ്‍ 16ലെ കാബിനറ്റില്‍ അവതരിപ്പിക്കാനും വേജ് ബോര്‍ഡ് ശുപാര്‍ശകള്‍ അംഗീകരിക്കാനും പാസ്സാക്കാനും കേന്ദ്രസര്‍ക്കാര്‍ തയാറാകാത്ത സാഹചര്യത്തില്‍ ഇന്ന് വെള്ളിയാഴ്ച ആയിരക്കണക്കിന് ഫെഡറേഷന്‍ പ്രവര്‍ത്തകര്‍ പ്രധാനമന്ത്രിക്ക് പ്രതിഷേധ ഫാക്സ് സന്ദേശം അയയ്ക്കും. തുടര്‍ന്ന് അനിശ്ചിതകാല സമരപരിപാടികള്‍ക്ക് രൂപം നല്‍കുമെന്ന് ഫെഡറേഷന്‍ പ്രസിഡന്റ് കെ.എന്‍. ലതാനാഥനും ജനറല്‍ സെക്രട്ടറി വി. ബാലഗോപാലും അറിയിച്ചു.
കഴിഞ്ഞ ഡിസംബര്‍ 31ന് വേജ്ബോര്‍ഡ് റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചതാണ്. ആറുമാസമായിട്ടും തുടര്‍ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ താല്‍പര്യം കാണിക്കുന്നില്ല. ഒരു ദശാബ്ദത്തിന് മുമ്പ് തീരുമാനിക്കപ്പെട്ട ശമ്പളമാണ് പത്രമാധ്യമരംഗത്തെ തൊഴിലാളികള്‍ക്ക് ഇന്നും ലഭിക്കുന്നത്. അസംഘടിത മേഖലയിലടക്കം ഈ കാലയളവിനുള്ളില്‍ പലതവണ വേതനവര്‍ധന ഉണ്ടായിട്ടുണ്ട്. പത്രജീവനക്കാരുടെ കാര്യത്തില്‍ സര്‍ക്കാര്‍ കാണിക്കുന്ന ഈ നിസ്സംഗത അവസാനിപ്പിക്കണം -ഫെഡറേഷന്‍ ആവശ്യപ്പെട്ടു.