കോഴിക്കോട്: കണ്ണൂരില്‍ 'മാധ്യമം' ജീവനക്കാര്‍ക്കുനേരെയുണ്ടായ ആക്രമണത്തില്‍ കേരള ന്യൂസ്പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു. മാധ്യമ മേഖലയിലെ ജീവനക്കാര്‍ക്കു നേരെ തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന അക്രമങ്ങളില്‍ ഫെഡറേഷന്‍ ഉല്‍ക്കണ്ഠ രേഖപ്പെടുത്തി. കുറ്റവാളികളെ ഉടന്‍ അറസ്റ്റ്ചെയ്ത് മാതൃകാപരമായ ശിക്ഷിക്കണം. രാപ്പകല്‍ വ്യത്യാസമില്ലാതെ രാജ്യത്തിനും സത്യത്തിനും കാവലായി നില്‍ക്കുന്ന പത്രക്കാര്‍ക്കുനേരെ അക്രമമഴിച്ചുവിടുന്നത് ജനാധിപത്യത്തിനും പൌരസ്വാതന്ത്യ്രത്തിനും നേരെയുള്ള വെല്ലുവിളിയാണ്. തൊഴിലാളികള്‍ എന്നനിലയ്ക്ക് പത്രപ്രവര്‍ത്തകര്‍ക്കും ജീവനക്കാര്‍ക്കും തൊഴില്‍ ചെയ്യാനുള്ള സ്വാതന്ത്യ്രം ഉറപ്പുവരുത്തണമെന്ന് ഫെഡറേഷന്‍ സംസ്ഥാന സര്‍ക്കാരിനോടാവശ്യപ്പെട്ടു.
കെ.യു.ഡബ്ല്യു.ജെ നേതാവായിരുന്ന ജോയ് വര്‍ഗീസിന്റെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു. കെ.എന്‍.ഇ.എഫ് സംസ്ഥാന പ്രസിഡന്റ് കെ.എന്‍. ലതാനാഥന്‍ അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി വി. ബാലഗോപാല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഗോപന്‍ നമ്പാട്ട്, സി. മോഹനന്‍, ആര്‍.വി. അബ്ദുല്‍ റഷീദ്, ജെയിംസ്കുട്ടി ജേക്കബ്, എം. കുഞ്ഞാപ്പ, പി.പി. ബാബുരാജ്, ബാബു മൈലമ്പാടി, എം.സി. ശിവകുമാര്‍, പി. ശൈലേഷ്കുമാര്‍, പി. കനകരാജന്‍, വി. സോമന്‍, ടി.എം. അബ്ദുല്‍ഹമീദ്, ജി. പ്രവീണ്‍ എന്നിവര്‍ സംസാരിച്ചു.